ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് . സർ സിപിയേക്കാൾ വലിയ ഏകാധിപതിയാണ് ഐസക് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെ ലൈക്കും ഷെയറും അല്ല ഭരണമെന്നും ആഞ്ചലോസ് പരിഹസിച്ചു. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക അല്ലാതെ കയർ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കയർ വകുപ്പിലെ അനാസ്ഥക്ക് എതിരെ പ്രത്യക്ഷ സമരവുമായി എ.ഐ.എൻ.ടി.യു.സിയും രംഗത്തെത്തി.കയർപിരി തൊഴിലാളികൾക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 350 രൂപയാണ് ഇപ്പോഴും കൂലി. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട്, ഭരണം നടത്തുന്ന ആളായി ഐസക്ക് മാറിയെന്നും ആഞ്ചലോസ് തുറന്നടിച്ചു. കയർ കേരളയ്ക്കെതിരെ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾ തന്നെ സി.പി.ഐയും ഉന്നയിച്ചു. തൊഴിലാളികൾ ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണം എന്നാണ് സി.പി.ഐയുടെ ആവശ്യം.പ്രതിസന്ധിയുടെ നടുവിലാണ് കയർ മേഖല. ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. മിനിമം കൂലി പോലും നൽകുന്നില്ല. കയർ മേഖലയെ തകർക്കുന്ന നടപടികളുമായി മന്ത്രി തോമസ് ഐസക് മുന്നോട്ട് പോവുകയാണ്. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സി.പി.ഐയുടെ തീരുമാനമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.