കാസർകോട് ലോക് സഭാ മണ്ഡലം ആർക്കൊപ്പം? പ്രചരണം മുറുകുന്നു
കാസർകോട്: കാസർകോട് ലോക് സഭാ മണ്ഡലത്തിൽ മൂന്നു മുന്നണികളും തങ്ങളുടെ സ്വാധീന മേഖലകളിൽ പ്രചരണം ഊർജിതമാക്കുന്നു. മഞ്ചേശ്വരം മേഖലയിൽ ബി.ജെപി സ്ഥാനാർത്ഥി എംഎൽ അശ്വിനിക്ക് ചുവരെഴുത്തുകൾ ആരംഭിച്ചു. ഇടത്- വലതു മുന്നണികൾ കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളിൽ ചുവരെഴുത്ത് തുടങ്ങി. പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നുണ്ട്. അതേസമയം, കുറ്റിക്കോൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ ഇളക്കി മാറ്റി കൊണ്ടു പോവുകയും ചെയ്തതായി പരാതിയുണ്ട്. പ്രചരണം ചൂടുപിടിക്കുന്നതോടെ നശീകരണ പ്രവർത്തനങ്ങളും വർദ്ധിച്ചേക്കുമെന്ന് ഉൽക്കണ്ഠയുണ്ട്. സ്ഥാനാർഥികൾ പാർലിമെന്റ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടിത മേഖലകളും സന്ദർശിക്കുന്ന തിരക്കിലാണ്. സി.പി.എം സ്ഥാനാർഥി എം.വി ബാലകൃഷ്ണനാണ് ആദ്യമായി വോട്ടുമാരെ നേരിൽ കണ്ട് വോട്ടഭ്യർഥന ആരംഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനും പ്രചരണ രംഗത്ത് സജീവമായുണ്ട്. സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന കാസർകോട് തിരിച്ചു പിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണ് പാർടിയും മുന്നണികളും. എന്നാൽ പിടിച്ചെടുത്ത മണ്ഡലം നിലനിർത്തുവാൻ യുഡിഎഫും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഈ മുന്നണികളുടെ പോരാട്ടത്തിനിടയിൽ നിഷ്പക്ഷരുടെയും സാധാരണക്കാരുടെയും പിന്തുണ പരമാവധി ആർജിക്കുവാൻ ബി.ജെ.പി സ്ഥാനാർത്ഥിയും ജാഗ്രത പുലർത്തുന്നു. സ്ഥാനാർത്ഥിത്വം മൂന്നു മുന്നണികളിലും ആദ്യഘട്ടത്തിൽ അലോസരങ്ങൾ ഉയർത്തിയിരുന്നു. ഇടതു വലതും മുന്നണികൾ പ്രവർത്തന രംഗത്ത് ഇപ്പോൾ സജീവമാകുന്നുണ്ട്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സംഘടിത മേഖലയിലെ പര്യടനം കഴിഞ്ഞാൽ മണ്ഡല പര്യടനത്തോടൊപ്പം കോർണർ മീറ്റിങ്ങുകൾക്കും തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്.