കേന്ദ്രം അരി വിൽക്കുന്നത് 10 രൂപ ലാഭത്തിൽ, സംസ്ഥാനം 10 രൂപ നഷ്ടം സഹിച്ച് നൽകുന്നു – പിണറായി
തിരുവനന്തപുരം: ഭാരത് റൈസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 10 രൂപ ലാഭത്തിൽ വിൽക്കുമ്പോൾ സംസ്ഥാനം 10 രൂപ നഷ്ടത്തിലാണ് അരി ജനങ്ങളിലേക്കെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ‘ഭാരത് അരി’യ്ക്ക് ബദലായി, സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ‘കെ റൈസ്’ ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ 49 പൈസ ലാഭം എടുത്താണ് വിൽപന. ഭാരത് റൈസിൽ കേന്ദ്ര സർക്കാരിന് ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മാത്രമാണ് ലക്ഷ്യം. അതേസമയം സംസ്ഥാനം കെ റൈസ് വിൽക്കുന്നത് സബ്സിഡി നൽകിയാണ്. 40 രൂപക്ക് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 29 രൂപ 30 പൈസ നിരക്കിൽ ജനങ്ങൾക്ക് നൽകുന്നത്. ഓരോ കിലോ അരിക്കും 10 രൂപ മുതൽ 11 രൂപ വരെ സബ്സിഡി ലഭിക്കുന്നു.
കേന്ദ്രം ഭക്ഷണം മുടക്കുന്നവരാണെന്നും പ്രളയകാലത്തെ ദുരിതാശ്വാസ അരിയ്ക്ക് പണം പിടിച്ചു വാങ്ങിയെന്നും അദ്ദേഹം വിമർശിച്ചു.എഫ് സി ഐ യിൽ നിന്ന് അരി ലേലത്തിന് എടുക്കുന്നതിന് സപ്ലൈകോയെ വിലക്കിയ വിഷയത്തിൽ കേന്ദ്രത്തിന്റേത് ഫെഡറൽ സമീപനത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു