സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ബെംഗളൂരുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ
പാലക്കാട്: സി.പി.എം. പ്രവര്‍ത്തകനായിരുന്ന കൊട്ടേക്കാട് കുന്നങ്കാട് ഷാജഹാനെ വധിച്ച കേസിലെ ഒന്നാം പ്രതിയെ ബെംഗളൂരുവിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊട്ടേക്കാട് വടക്കേത്തറ ‘നയന’യില്‍ നവീനിനെയാണ് (41) കഴിഞ്ഞ ദിവസം ബെംഗളൂരു മഡിവാളയിലുള്ള ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബെംഗളൂരുവില്‍ത്തന്നെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചതായി മഡിവാള പോലീസ് പറഞ്ഞു.
2022 ഓഗസ്റ്റ് 14-നാണ് സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നവീന്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ടുദിവസമായി ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചൊവ്വാഴ്ച ബെംഗളൂരുവിലുളള ആശുപത്രിയിലെത്തി.
ഷാജഹാന് വധക്കേസില്‍ 12 പ്രതികളാണ് ആകെയുള്ളത്. കേസിലെ 12-ാം പ്രതി ബിജു 2023 ഏപ്രില്‍ 16-ന് ഹൃദയാഘാതംമൂലം മരിച്ചിരുന്നു.