ചിക്കൻ സ്റ്റാൾ കടയിൽ കയറി അക്രമം; കടയുടമയടക്കം രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ച ആൾക്കെതിരെ കേസെടുത്തു; പരിക്കേറ്റവരെ ശസ്ത്രക്രിയക്ക് വിധേയരാക്കി
കാസർകോട്: പണമിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ചിക്കൻ സ്റ്റാൾ ഉടമയ്ക്കും യുവാവിനും വെട്ടറ്റ സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു. കേസിലെ പ്രതി ആരിഫിനെതിരെ 308, 448 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. അതിനിടെ പരിക്കേറ്റ കോഴിക്കട ഉടമ മാട്ടങ്കുഴിയിലെ അൻവർ (44), കഞ്ചിക്കട്ടയിലെ കെ.എ. ഇബ്രാഹിം (43) എന്നിവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. അൻവറിന്റെ തലയ്ക്ക് 20 തുന്നിക്കെട്ടുണ്ട്. വെട്ടേറ്റ കാലും ശസ്ത്രക്രിയക്ക് വിധേയമാക്കി. അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിമിന് വെട്ടേറ്റത്. കാലിനേറ്റ വെട്ടിന് 9 തുന്നിക്കെട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് കുമ്പളയിലെ ചിക്കൻ സെന്ററിലായിരുന്നു അക്രമം. കടയിലെത്തിയ ശാന്തിപ്പള്ളയിലെ ആരിഫും കടയുടമ അൻവറും തമ്മിൽ നടന്ന വാക്കേറ്റം ഒടുവിൽ അക്രമത്തിൽ കലാശിക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ആരിഫ് അൻവറിനെയും പിന്തിരിപ്പിക്കൻ ശ്രമിച്ച ഇബ്രാഹിമിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട ആരിഫിനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.