ഉളിയത്തടുക്കയ്ക്ക് പിന്നാലെ നെല്ലിക്കുന്നിലും പള്ളികളിൽ കവർച്ചാശ്രമം
കാസർകോട്: ഉളിയത്തടുക്ക ടൗണിലെ പള്ളിയിലടക്കം കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മോഷണക്കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെ നെല്ലിക്കുന്നിൽ രണ്ട് പള്ളികളിൽ കവർച്ചാശ്രമം. നെല്ലിക്കുന്ന് നൂർ മസ്തിദ്, ബീച്ച് പള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി കവർച്ചാ ശ്രമം നടന്നത്. ഇരുസ്ഥലങ്ങളിലും കവർച്ചക്കാരുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഉളിയത്തടുക്കയിലെ ഭണ്ഡാരപ്പെട്ടി തുറന്ന് പണം കവർന്നിരുന്നു. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജാബിറിന്റെ ഉടമസ്ഥതയിലുള്ള അനാദിക്കടയിലും മോഷണം നടന്നു. നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന 3000 രൂപയും കടയിലുണ്ടായിരുന്ന ഏഴായിരം രൂപയും നഷ്ടമായി. മധൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന പച്ചക്കറി കടയിലും മോഷണം നടന്നു. മൂന്നിടങ്ങളിലും ഒരേ സംഘമാണ് കവർച്ച നടത്തിയതെന്നു സംശയിക്കുന്നു, രണ്ട് പേരാണ് കവർച്ച നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് നെല്ലിക്കുന്നിലും പള്ളികളിൽ കവർച്ചാ ശ്രമം നടന്നത്.