മലപ്പുറം സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയ കേസിന് തുമ്പായി; കാഞ്ഞങ്ങാട് സ്വദേശിയെ സൈബർ പൊലീസ് വലയിൽ വീഴ്ത്തി
മലപ്പുറം: സ്റ്റോക്ക് ട്രേഡിംഗിന്റെ പേരിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കാഞ്ഞങ്ങാട് സ്വദേശി സൈബർ പൊലീസിന്റെ വലയിൽ കുരുങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുൽ മുഹമ്മദ് വീട്ടിലെ മുഹമ്മദ് മുജൂബ (21)യെയാണ് മലപ്പുറം സൈബർ പൊലീസ് തന്ത്രപരമായി കുരുക്കിയത്. ഫേസ്ബുക്കിൽ കണ്ട സ്റ്റോക്ക് ഇൻവെസ്റ്റ്മന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അവരുടെ വാട്ആപ് ഗ്രൂപ്പിൽ കയറിയ വേങ്ങര, വലിയോറ, പുത്തനങ്ങാടി സ്വദേശിയുടെ 1.8 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സ്റ്റോക്ക് ട്രേഡിംഗ് ആണെന്ന് വിശ്വസിപ്പിച്ച് ഇയാളിൽ നിന്ന് പല തവണ പ്രതികൾ പണം തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ പണം നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിൽ വേങ്ങര പൊലീസ് കേസെടുത്തുവെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മലപ്പുറം സൈബർ പൊലീസിന് കേസ് കൈമാറി. സൈബർ ഓപ്പറേഷൻസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സൈബർ ഓപ്പറേഷൻസ് വിംഗിന്റെ ഏകോപനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് കാഞ്ഞങ്ങാട്ടെത്തിയ പൊലീസ് മുഹമ്മദ് മുല്ലബയെ കയ്യോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി.