തിരുവനന്തപുരത്ത് ഐഷര്‍ വാഹന ഷോറൂമില്‍ തീപ്പിടിത്തം; മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം മംഗലപുരത്ത് വാഹന ഷോറൂമില്‍ വന്‍ തീപ്പിടിത്തം. മംഗലപുരം തോന്നയ്ക്കലിലെ ഐഷര്‍ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് മണിയോടു കൂടിയാണ് സംഭവം. മൂന്നു വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഒരു പുതിയ ബസും രണ്ട് പഴയ വാഹനങ്ങളുമാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.
ഒരു സ്വകാര്യ നഴ്സിങ് കോളേജിലെ ബസിനും കേടുപാട് സംഭവിച്ചു. വെഞ്ഞാറമ്മൂട്, കഴക്കൂട്ടം, ചാക്ക, കല്ലമ്പലം എന്നിവിടങ്ങളില്‍നിന്ന് അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാനായി എത്തിയിട്ടുള്ളത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
അപകടത്തില്‍ കേടുപാട് സംഭവിച്ച് പണിയ്ക്കായി എത്തിച്ച മിനിലോറിയില്‍ നിന്നാണ് ആദ്യം തീ പടർന്നത്. പിന്നീട് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന പുതിയ ബസിലേക്ക് ആളിപ്പടരുകയായിരുന്നു.