ന്യൂഡൽഹി: ഡൽഹിയിൽ സമാധാനം പുനസ്ഥാപിക്കാൻ പാർട്ടി നേതാക്കളോട് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി. ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകരുതെന്നും മനോജ് തിവാരി നേതാക്കളോട് ആവശ്യപ്പെട്ടു. എല്ലാവരും വിദ്വേഷ പ്രസ്താവനകൾ ഒഴിവാക്കണം. ഡൽഹിയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും തിവാരി പ്രസ്താവനയിൽ അഭ്യർഥിച്ചു.
ഡൽഹിയിലെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ മനപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 18 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ ശക്തമായി അപലപിച്ച അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനു അതീതമായി ഉണർന്ന് ഡൽഹിയുടെ സമാധാനത്തിനായി പ്രവർത്തിക്കാൻ മറ്റ് പാർട്ടികൾക്ക് ആഹ്വാനം നൽകുകയും ചെയ്തു.
പ്രതിഷേധ സമരങ്ങളിലെ അക്രമങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. രാജ്യത്തെ എല്ലാ പൗരൻമാർക്കും അഭിപ്രായം പ്രകടിപ്പിക്കാനും സമാധാനപൂർണമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ സമരത്തിന്റെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും തിവാരി പ്രസ്താവനയിൽ തുടർന്നു.