കളഞ്ഞ് കിട്ടിയ പണവും നിരവധി രേഖകളുമടങ്ങിയ പേഴ്സ് തിരികെ ഏൽപിച്ച് മാതൃകയായി വിദ്യാർഥി
കാസർകോട്: ബസിൽ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികേ ഏൽപ്പിച്ച് വിദ്യാർഥി മാതൃകയായി.
ബന്തിയോട് മുട്ടം സ്വദേശി അബ്ദുൽ ഖാദർ ന്യൂമാനാണ് ബസിൽ നിന്നും കിട്ടിയ പേഴ്സ് പൊലീസ്റ്റേഷനിൽ എത്തിച്ച് ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ശുക്രിയ സ്വകാര്യ ബസിൽ നിന്നും നിലത്തുവീണ പേഴ്സ് യാത്രക്കാരനായ അബ്ദുൽ ഖാദറിന് ലഭിച്ചത്. തുടർന്ന് ഇത് കുമ്പള സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. 4750 രൂപയും എടിഎമ്മും ആധാർ കാർഡും നിരവധി രേഖകളുമാണ് പേഴ്സിലുണ്ടായിരുന്നത്. എ.എസ്ഐ മാരായ പ്രകാശ്. പ്രദീപ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥനായ ചേവാർ സ്വദേശി അബ്ദുൽ റസാഖിനെ കണ്ടെത്തി സ്റ്റേഷനിലേക്ക് വരുത്തിച്ചു. അബ്ദുൽ ഖാദറിനെയും വിളിപ്പിച്ച് സ്റ്റേഷനിലെ പൊലീസുകാരുടെ സാന്നിധ്യത്തിൽ പേഴ്സ് ഉടമസ്ഥന് കൈമാറി. അബ്ദുൽ ഖാദറിന്റെ സത്യസന്ധതയെ പൊലീസുകാർ അഭിനന്ദിച്ചു.