കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവം; ഡ്രൈവറെ പുറത്താക്കി
കൊല്ലം: ബൈക്കിന് പിന്നിൽ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് നടന്ന സംഭവത്തെ തുടർന്നാണ് നീക്കം.ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെയാണ് പിരിച്ചുവിട്ടത്.
ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപരമായി മുന്നോട്ട് പോകുമെന്ന് മരിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അറിയിച്ചു. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് രക്ഷിതാക്കൾ നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ബിനുവിനെ കോർപറേഷൻ പിരിച്ചുവിട്ടത്. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
ഫെബ്രുവരി 28ന് രാവിലെ ഏഴരയോടെയാണ് എംസി റോഡിലെ കുരിയോടുവച്ച് അപകടമുണ്ടായത്. പുനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തിൽ ശിഖ കൺസ്ട്രക്ഷൻസ് ഉടമ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ സൈനിക ഉദ്യോഗസ്ഥൻ രഞ്ജിത്ത് ആർ നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. കിളിമാനൂർ തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷം ബിടെക് (സിവിൽ) വിദ്യാർത്ഥിനിയായിരുന്നു ശിഖ. അഭിജിത്ത് പത്തനംതിട്ട മുസല്യാർ കോളജിലെ ബിസിഎ വിദ്യാർത്ഥിയും. പുനലൂരിൽ നിന്ന് ശിഖയെ കോളേജിൽ കൊണ്ടുവിടുന്നതിനാണ് അഭിജിത്ത് എത്തിയത്.
ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് അതേ ദിശയിൽ പോയ ബൈക്കിന് പിന്നിലായി ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ തലയിൽ കയറിയിറങ്ങി ശിഖ തൽക്ഷണം മരിക്കുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അഭിജിത്തും മരിച്ചു. ചടയമംഗലം പൊലീസും കടയ്ക്കൽ അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. 20 മിനിറ്റോളം രക്തം വാർന്ന് റോഡിൽ കിടന്ന ഇരുവരെയും ആശുപത്രിയിൽ എത്തിക്കാൻ അതുവഴി വാഹനങ്ങളിൽ പോയവർ തയാറായില്ലെന്ന് ആക്ഷേപവും ഉയർന്നിരുന്നു.