ബംഗളൂരു : സ്വാതന്ത്ര്യ സമരസേനാനി എച്ച് എസ് ദൊരൈസ്വാമിയെ പാക് ഏജന്റെന്ന് വിളിച്ച് മുൻ കേന്ദ്രമന്ത്രിയും കർണാടകയിലെ ബിജെപി എംഎൽഎയുമായ ബസൻഗൗഢ പാട്ടീൽ യത്നാൽ. 101 വയസുള്ള, ഏവരും ബഹുമാനിക്കുന്ന ദൊരൈസ്വാമിയെ അപമാനിച്ചതിൽ വ്യാപക പ്രതിഷേധമാണ് ബിജെപി നേതാവിനെതിരെ ഉയരുന്നത്.
“വ്യാജ സ്വാതന്ത്ര്യ സമരസേനാനി’ എന്ന് വിളിച്ചാണ് ബസൻഗൗഢ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു യോഗത്തിനിടെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആർഎസ്എസിന് സ്വാതന്ത്രസമരത്തിലുള്ള പങ്ക് ചോദിച്ചതാണ് ബസൻഗൗഢയെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ സ്വാതന്ത്രസമരത്തിൽ പങ്കെടുത്തിട്ടില്ലല്ലോ എന്നായിരുന്നു ബിജെപി എംഎൽഎയുടെ ചോദ്യം.
ഇതിന് പിന്നാലെയാണ് സിഎഎയ്ക്കെതിരായ നിലപാടെടുത്ത ദൊരൈസ്വാമിയെ ബസൻഗൗഢ ആക്ഷേപിച്ചത്. “അയാളൊരു വ്യാജ സ്വാതന്ത്ര സമരസേനാനിയും പാക് ഏജന്റുമാണ്’ എന്നായിരുന്നു വിശേഷണം.
“പട്ടികൾ കുരച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല, അയാൾ വിഢികളെപ്പോലെ സംസാരിക്കുന്നു. മറുപടി പറയാതിരിക്കുന്നതാണ് നല്ലത്’ – ഗൗഢയ്ക്ക് മറുപടിയായി ദൊരൈസ്വാമി പറഞ്ഞു.