റിയാസ് മൗലവി വധക്കേസ് വിധി വീണ്ടും മാറ്റി;പുതിയ വിധി പ്രസ്താവന കൊല നടന്ന അതേ തീയ്യതി
കാസർകോട്: പഴയ ചുരി മദ്രസയിലെ അധ്യാപകനായിരുന്ന കർണ്ണാടക, കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവന വീണ്ടും മാറ്റി. മാർച്ച് 20 ന് വിധി പറയാനാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് മാറ്റി വച്ചത്. കൊലപാതകം നടന്ന അതേ തിയ്യതി തന്നെ വിധി പ്രസ്താവന വരുന്നത് മൗലവി വധക്കേസിലെ യാദൃശ്ചികതയാണ്. 2017 മാർച്ച് 20 ന് പുലർച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിവളപ്പിൽ അതിക്രമിച്ചു കയറിയ അക്രമികൾ റിയാസ് മൗലവിയെ താമസിക്കുന്ന മുറിയിലെത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണ് കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേളുഗുഡയിലെ അജേഷ് എന്ന അപ്പു, നിതിൻ കുമാർ, അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇതുവരെയും ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴു വർഷമായി ജയിലിൽ കഴിയുകയാണ്. ഇന്നു വിധി പറയാനാണ് കേസ് നേരത്തെ മാറ്റി വച്ചിരുന്നത്. 2019 ൽ ആണ് കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കോവിഡ് മൂലവും ജഡ്ഡിമാർ സ്ഥലം മാറിപ്പോയതു കാരണവുമാണ് കേസ് പലതവണ മാറ്റിവച്ചിരുന്നത്