എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിൽ
മലപ്പുറം: വിപണിയിൽ പതിമൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ. അറസ്റ്റിലായവരിൽ ഒരാൾ സ്ത്രീയാണ്. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീൻ (34), നിലമ്പൂർ സ്വദേശി പഴയകാലത്ത് മുഹമ്മദ് ഇജാസ് (33) , തിരുവമ്പാടി മാട്ടുമൽ ഷാക്കിറ (28) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എൻ.നൗഫലും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നിലമ്പൂർ വടപുറം താളിപ്പൊയിൽ റോഡിൽ വച്ച് സംഘം പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
താമരശ്ശേരിയിൽ നിന്ന് നിലമ്പൂരിലേക്ക് വരികയായിരുന്ന സംഘമാണ് പിടിയിലായത്. ചില്ലറ വിൽപ്പനക്കാരിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ 265. 14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തിട്ടുള്ളത്. മൂന്നുപേരും സുഹൃത്തുക്കളാണ്. ഷാക്കിറ വാഹനത്തിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നത്. പ്രതികളെ ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.
പ്രിവന്റീവ് എക്സൈസ് ഓഫീസർ കെ.എസ്.അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സുലൈമാൻ, കെ.പി.ഹബീബ്, വി. അഫ്സൽ, വി.ഷരീഫ്, വി.ലിജിൻ, കെ.വി.വിപിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർമാരായ പി.രജനി, പി.കെ.ശ്രീജ, ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.