കോട്ടയത്ത് ട്രെയിനിടിച്ച് അമ്മയും കുഞ്ഞും മരിച്ചു; ഇടിച്ചത് ശബരി എക്സ്പ്രസ്
തിരുവനന്തപുരം: കോട്ടയം അടിച്ചിറയിൽ ട്രെയിൻ ഇടിച്ച് അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ പാളത്തിൽ നിന്ന് നീക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളെ കണ്ടെത്താനായാൽ മൃതദേഹം ഇവര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.