വാഹന അപകടത്തിൽ പരിക്കേറ്റ കുമ്പളയിലെ ബാർബർ തൊഴിലാളി മരിച്ചു.
കാസർകോട്: ഒരാഴ്ച മുമ്പ് നാട്ടിലേയ്ക്കു തിരിച്ചുപോയ കുമ്പളയിലെ ബാർബർ ഷോപ്പ്
തൊഴിലാളി ബൈക്കപകടത്തിൽ മരിച്ചു. കുമ്പള- ബദിയഡുക്ക റോഡിലെ ലാവണ്യ ഹെയർ ഡ്രസിംഗ് സ്ഥാപനത്തിലെ ജീവനക്കാരനും ഉത്തർപ്രദേശ് സ്വദേശിയുമായ മുഹമ്മദ് ഫാരീസ് അലി (26)യാണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ട്രാക്ടറും രണ്ടു ദിവസം മുമ്പ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് ഫരീസ് അലി ബുധനാഴ്ച രാത്രിയിലാണ് മരണപ്പെട്ടത്. പരേതനായ സബിക്ക്- നഫീസ ദമ്പതികളുടെ മകനാണ്. അഞ്ചു സഹോദരങ്ങളുണ്ട്. മരണത്തിൽ അനുശോചിച്ച് കുമ്പളയിലെ ബാർബർ ഷോപ്പുകൾക്കു വ്യാഴാഴ്ച അവധി നൽകി.