ഒളിവിൽപോയ കാസർകോട് സ്വദേശി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ
മംഗളൂരു : ഒട്ടേറെ മോഷണക്കേസുകളിൽ അറസ്റ്റുചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങി ഒളിവിൽപോയ മലയാളി നാലുവർഷത്തിനു ശേഷം അറസ്റ്റിൽ.
കാസർകോട് പള്ളംവീട്ടിൽ അബ്ദുൾസലാം (26) ആണ് കഴിഞ്ഞ ദിവസം കൊണാജെ പോലീസിന്റെ പിടിയിലായത്. ഉള്ളാൾ നട്ടേക്കാലിൽ ഇയാൾ വന്നിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയ പോലീസ് സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാരായ സിദ്ധാർഥ് ഗോയാൽ, ദിനേശ്കുമാർ, കൊണാജെ എസ്.ഐ. ധന്യ എൻ.നായക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പശുക്കളെ മോഷ്ടിച്ചതുൾപ്പെടെ പല കേസുകളും ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.