മഞ്ഞപ്പിത്തമെന്ന് കരുതി ചികിത്സ തുടങ്ങി; യുവതിക്ക് ഒടുവിൽ സംഭവിച്ചത്
കാസർകോട്: മഞ്ഞപ്പിത്തമെന്നു കരുതി ചികിത്സ തുടങ്ങി. വിശദമായ പരിശോധനയിൽ
എലിവിഷം അകത്തു ചെന്നതാണെന്നു വ്യക്തമായി. പരിയാരത്തേയ്ക്ക് മാറ്റിയ യുവതി ഒടുവിൽ മരണത്തിനു കീഴടങ്ങി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എടനീർ, ചൂരി മൂല സ്വദേശിനി മൈമുന (43)യാണ് ചൊവ്വാഴ്ച രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് മൈമൂനയെ മഞ്ഞപ്പിത്തം ബാധിച്ചുവെന്ന സംശയത്തിൽ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടങ്ങുകയും ചെയ്തു. എന്നാൽ മരുന്നിനോട് പ്രതികരിക്കാത്തതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് എലിവിഷം അകത്തു ചെന്നതാണ് കാരണമെന്നു വ്യക്തമായി. അപ്പോഴേയ്ക്കും മൈമൂനയുടെ നില ഗുരുതരമായിരുന്നു. തുടർന്നാണ് പരിയാരത്തേക്ക് മാറ്റിയത്. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.