തിരുവനന്തപുരം: സംഘടനാ ഭാരാവാഹികളെ തിരഞ്ഞെടുക്കുന്നതിനെചൊല്ലി ബിജെപിയില്‍ രാജി തുടരുന്നു. കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ മണ്ഡലം ഭാരവാഹി നിര്‍ണയത്തില്‍ തിരുവനന്തപുരത്ത് പൊട്ടിത്തെറി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം എസ്.മഹേഷ് കുമാര്‍ രാജിവെച്ചു. തിരുവന്തപുരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയ നേതാവിനെ ഭാരാവാഹി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഗ്രൂപ്പ് താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഭാരാവാഹി നിര്‍ണയമെന്നും മഹേഷ് കുമാര്‍ പറഞ്ഞു.
ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിര്‍ണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരെ നിയമിച്ചു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ വോട്ടെടുപ്പില്‍ വലിയശാല പ്രവീണാണ് ഒന്നാമത് എത്തിയത്. എന്നാല്‍ ഇയാളെ മാറ്റിനിര്‍ത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗണ്‍സിലര്‍ കൂടിയായ എസ്.കെ.പി.രമേശിനെയാണ് പ്രസിഡന്റാക്കിയത്. ഇതോടെ മണ്ഡലത്തിലെ പി.കെ.കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
‘മറ്റു മണ്ഡലങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിര്‍ണയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഗ്രൂപ്പ് കളിക്ക് നേതൃത്വം നല്കുന്നു. 200 ഓളം പേര് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനൊരുങ്ങുകയാണ്’ എസ്.മഹേഷ് കുമാര്‍ പറഞ്ഞു.
അതേ സമയം മണ്ഡലം ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടാത്തവരെ ജില്ലാതലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നേരത്തെ കാസര്‍കോട് ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്തിനെ നാലാമതും തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും കുണ്ടാര്‍ പറഞ്ഞിരുന്നു.
കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചതില്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. സുരേന്ദ്രന്റെ സ്ഥാനരോഹണത്തിലടക്കം പോലും മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.