കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം: പോസ്റ്റ്മോർട്ടം പൂർത്തിയായി
മഞ്ചേശ്വരം : കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനുശേഷം ആസ്പത്രിയിൽ മരിച്ച പ്രതിയുടെ പോസ്റ്റ്മോർട്ടം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പൂർത്തിയായി. മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫിന്റെ (22) പോസ്റ്റ്മോർട്ടമാണ് ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയായത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. മരിച്ചയാളുടെ ശരീരത്തിൽ പരിക്കേറ്റതിന്റെ പാടുകളുണ്ടെന്നും മരണകാരണം കൃത്യമായി അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണമെന്നും മഞ്ചേശ്വരം പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ രണ്ടുപേരെ പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി കഞ്ചാവ് കടത്തിയതിനു അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ വിട്ടിരുന്നു. സ്റ്റേഷനിൽനിന്ന് ബന്ധുവായ അബ്ദുൾ റഷീദിനൊപ്പമാണ് ഇരുചക്ര വാഹനത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചത്. ഇതിനുശേഷം വീട്ടിലെത്തിയ ആരിഫ് മൊയ്തീൻ തിങ്കളാഴ്ച രാവിലെ ഛർദിക്കുകയും തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് മംഗളൂരുവിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച പ്രതി അവിടെവെച്ചാണ് മരിച്ചത്.
ഇയാളുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിൽ ബന്ധുവായ റഷീദ് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.