കാസർകോട്: ബിജെപി സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായ കെ. ശ്രീകാന്തിൻ്റെ വീട്ടിൽ അജ്ഞാതന്റെ അതിക്രമം. ചൊവ്വാഴ്ച രാവിലെ തൃക്കണ്ണാട്ടെ വീട്ടിൽ ശ്രീകാന്തും ഭാര്യയും ഇല്ലാത്ത സമയത്ത് എത്തിയ വ്യക്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറി ശ്രീകാന്തിൻ്റെ മകളോട് നിനക്ക് അച്ഛൻ ഇല്ലാതാകാൻ പോകുന്നു എന്ന് വധഭീഷണി മുഴക്കിയത്. വീട്ടിൽ അതിക്രമിച്ചു കയറിയതിനും വധഭീഷണി മുഴക്കിയതിനും ബേക്കൽ പൊലീസിൽ പരാതി നൽകി.
ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്തിനെതിരെ കാസര്‍കോട്ട് വ്യാപക ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പാര്‍ടി തലത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിഷയം സംസ്ഥാന നേതൃത്ത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കാസര്‍കോട്ട് വന്ന് പോയതിന് പിന്നാലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
അതെ സമയം ബി ജെ പിയിലെ പടലപ്പിണക്കങ്ങൾ കാരണം നേരത്തെ കാസര്‍കോട്ടും, മഞ്ചേശ്വരത്തും, ഹൊസങ്കടിയിലും ശ്രീകാന്തിന് എതിരെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതും ഈ രിതിയിൽ തന്നെയാകുമെന്നാണ് നവമാധ്യമങ്ങളിൽ ചിലർ കൂട്ടിക്കെട്ടുന്നത്. എന്നാൽ വീട്ടിൽ കയറിയുള്ള ഭീഷണിയെ ഗൗരവത്തോടെ തന്നെ കാണാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.