പിഞ്ച് കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ;രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം
കോട്ടയം: ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ചത്. വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്സൺ തോമസും കുടുംബവുമാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്സൺ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ജെയ്സന്റെ മൃതദേഹവും ഉണ്ടായിരുന്നു. റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്സൺ. ഒരു വർഷം മുമ്പാണ് കുടുംബം പൂവരണിയിൽ താമസത്തിനെത്തിയത്. അതിനാൽത്തന്നെ നാട്ടുകാർക്കും ഇവരെപ്പറ്റി കൂടുതൽ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.