വോട്ടിന് കൈക്കൂലി വാങ്ങിയാൽ എം.എൽ.എമാർക്ക് നിയമ സംരക്ഷണം ലഭിക്കില്ല; നരസിംഹ റാവു കൈക്കൂലി കേസ് വിധി അസാധുവാക്കി സുപ്രീം കോടതി
ന്യുഡൽഹി: പാർലമെൻ്റ് അംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടിനോ പ്രസംഗത്തിനോ കൈക്കൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി. എം.പിമാരോ എം.എൽ.എമാരോ കൈക്കൂലി വാങ്ങിയാൽ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി ഏഴംഗ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഏകകണ്ഠമായി വിധി പുറപ്പെടുവിച്ചത്. വോട്ടിന് കൈക്കൂലി വാങ്ങിയ പി.വി നരസിംഹ റാവു കേസിൽ 1998ലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
എം.പിമാർക്കോ എം.എൽ.എമാർക്കോ പ്രത്യേക പരിരക്ഷ നൽകാൻ സാധിക്കില്ലെന്നും വിചാരണയിൽ നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.
കൈക്കൂലി വാങ്ങുന്നതിന് നിയമപരമായ സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങുന്നത് ശിക്ഷാർഹമായ കാര്യമാണ്. 1998ലെ വിധി ഭരണഘടനയുടെ ആർട്ടിക്കിൾ 105, 194 എന്നിവക്ക് വിരുദ്ധമാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
നിയമസഭയിൽ വിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാനോ പ്രസംഗിക്കാനോ എം.എൽ.എയോ എം.പിയോ കൈക്കൂലി വാങ്ങിയാൽ വിചാരണ നടപടിയിൽ നിന്ന് അവരെ മാറ്റി നിർത്താൻ സാധിക്കില്ലെന്നാണ് കോടതി വിധിയിൽ പറയുന്നത്.
ഭരണഘടനയുടെ 105-ാം അനുഛേദവും 194-ാം അനുഛേദവും സഭയിൽ ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനുള്ള പ്രത്യേക അവകാശമാണ് നൽകുന്നത്. എന്നാൽ സഭയിൽ വോട്ട് ചെയ്യുന്നതിനോ പ്രസംഗിക്കുന്നതിനോ കൈക്കൂലി വാങ്ങിയാൽ ഈ രണ്ട് അനുഛേദങ്ങൾ വഴി അംഗങ്ങളെ വിചാരണ നടപടിയിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.