ഓണ്‍ലൈന്‍ വായ്പ ആപ്പ് വഴി തട്ടിപ്പ്; അഞ്ചുപേര്‍ അറസ്റ്റില്‍, പണം വന്ന അക്കൗണ്ട് ഉടമകള്‍ക്കും കമ്മിഷൻ
ആലപ്പുഴ: ഓണ്‍ലൈന്‍ വായ്പ ആപ്പുവഴി ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ചേര്‍ത്തല സ്വദേശിയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കോഴിക്കോട് നടക്കാവ് ക്രസന്റ് മന്സാ ഫ്ലാറ്റ് നമ്പര്‍ 9- ല്‍ ബെല്‍മാ വീട്ടില്‍ അബ്ദുള്‍ ഖാദര്‍(59), കുന്നമംഗലം പഞ്ചായത്ത് 12-ാം വാര്‍ഡ് കുറ്റിക്കാട്ടൂര്‍ ബൈത്തക അന്‍വര്‍ വീട്ടില്‍ അമീര്‍ (29), മലപ്പുറം ഫറോക്ക് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ കള്ളിക്കുടം മലയില്‍ വീട്ടില്‍ അശ്വിന് (26), മലപ്പുറം പള്ളിക്കല്‍ പഞ്ചായത്ത് കരാട്ടുപുരയില് നജീം (43), മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പെരുമ്പിയക്കാട്ട് വീട്ടില്‍ അന്സിഫ് (24) എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്.
1.16 ലക്ഷം രൂപയാണ് ചേര്‍ത്തല സ്വദേശിയില്‍നിന്ന് പലതവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പുപണം അക്കൗണ്ടിലെത്തുമ്പോള്‍ ഉടമയ്ക്ക് ചെറിയ ശതമാനം തുക കമ്മിഷനായി നല്കി പിന്വലിച്ചെടുപ്പിക്കുകയായിരുന്നു പതിവ്. ദിവസം 20-നും 40 ലക്ഷത്തിനും ഇടയിലുള്ള തുകകളാണ് ഇത്തരത്തില്‍ പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നത്.
ചേര്‍ത്തല ഡിവൈ.എസ്.പി. എസ്. ഷാജി, എസ്.എച്ച്.ഒ. ജി. പ്രൈജു, എസ്.ഐ. കെ.പി. അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി. സതീഷ്, ഗിരീഷ്, സി.പി.ഒ. അഖില്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.