ഗുളികകളുടെ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം;കാസർകോട് സ്വദേശിനിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച വനിതയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, കോഴിക്കോട് സ്വദേശിയായ ഷഫീഖ് കായലാട്ടുമ്മൽ, കാസർകോട് സ്വദേശിനിയായ ഫാത്തിമ, മലപ്പുറം സ്വദേശിയേയുമാണ് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരിൽ നിന്നും കസ്റ്റംസാണ് സ്വർണം പിടികൂടിയത്.
മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് നിന്നും പിടിച്ചെടുത്തത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. അബുദബിയിൽ നിന്നും വന്ന കാസർകോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണമാണ് പിടികൂടിയത്.
അതേസമയം, കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി ഷഫീഖ് കായലാട്ടുമ്മലിനെയാണ് പിടികൂടി. 446 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.