നവജാതശിശുവിന്റെ മൃതദേഹം മതിലിലെ ഗ്രില്ലിൽ കുടുങ്ങിയ നിലയിൽ
ഫരീദാബാദ്: നവജാതശിശുവിന്റെ മൃതദേഹം മതിലിലെ ഗ്രില്ലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ടയിൽ ഇന്നലെയായിരുന്നു സംഭവം. നവജാതശിശുവിനെ ഭിത്തിയുടെ മുകളിലൂടെ എറിഞ്ഞപ്പോഴാണ് മൃതദേഹം മതിലിൽ കുടുങ്ങിയതെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെ നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. മൃതദേഹം ഗ്രില്ലിൽ നിന്ന് നീക്കം ചെയ്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് മുൻപ് മനഃപൂർവം കൊലപ്പെടുത്തിയതാണോ അതോ ഗ്രില്ലിൽ കുത്തിയതിനെ തുടർന്നാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ അറിയാൻ കഴിയുവെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.