ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു
തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശിനിയായ വിദ്യാര്‍ഥി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18) മരിച്ചത്.
ചൊവ്വന്നൂരിൽ നടക്കുന്ന എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ചൊവ്വന്നൂർ പാടത്തിന് സമീപം ബൈക്കിന് പിന്നിൽ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അക്ഷയ്ക്ക് നിസാര പരിക്കുകളുണ്ട്.