കാസർകോട്ട് കുഴൽപ്പണ വേട്ട; അംഗഡിമുഗർ സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ പിടികൂടി
കാസർകോട്: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കാസർകോട്ട് വീണ്ടും കുഴൽപ്പണ വേട്ട. നഗരത്തിലെത്തിയ യുവാവിൽ നിന്ന് 15, 15000 രൂപ പിടികൂടി. അംഗഡിമുഗർ സ്വദേശി അലങ്കാർ ഹൗസിലെ അബൂബക്കർ ഹുനൈസി(29)ൽ നിന്നാണ് പണം പിടികൂടിയത്. സംശയകരമായ സാഹചര്യത്തിൽ കാസർകോട് ഗീത ജംഗ്ഷനിൽ കാണപ്പെട്ട ഇയാളെ ടൗൺ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. പണം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ മാസം 23ന് കാസർകോട് വച്ച് രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴൽപ്പണവും ഏഴര ലക്ഷം രൂപ മൂല്യം വരുന്ന അമേരിക്കൻ ഡോളർ, യു.എ.ഇ ദിർഹം, സൗദി റിയാൽ, മലേഷ്യന്റിംഗ് എന്നിവ പിടികൂടിയിരുന്നു. കാസർകോട് ചൗക്കിയിലെ മുഹമ്മദ് (42), മലപ്പുറം, തിരൂരങ്ങാടിയിലെ സൈനുദ്ദീൻ (41) എന്നിവരിൽ നിന്നാണ് റെയിൽവെ സ്റ്റേഷൻ റോഡിൽ വച്ച് പണം പിടികൂടിയത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വൻതോതിൽ കുഴൽപ്പണ വിതരണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകാനാണ് സാധ്യത.