ഗഫൂർ ഹാജിയുടെ ദുരൂഹ മരണം ,പോലീസ് അനാസ്ഥ ആരോപിച്ച് ‘അമ്മമാരുടെ കണ്ണീർ സമരം’അഞ്ചാം തീയതി
പള്ളിക്കര ∙ പൂച്ചക്കാട് ബൈത്തുൽ റഹ്മയിലെ എം.സി.അബ്ദുൽ ഗഫൂർ വീട്ടിൽ മരിച്ചതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്നും ആരോപിച്ച് കർമസമിതിയുടെ നേതൃത്വത്തിൽ 5ന് ബേക്കൽ പൊലീസിനു മുന്നിൽ ‘അമ്മമാരുടെ കണ്ണൂനീർ’ സമരം നടത്തും. കോട്ടികുളത്തിൽ നിന്നും പ്രകടനമായി മാർച്ച് ആരംഭിക്കും. 10 മാസം പിന്നിട്ടിട്ടും ഒട്ടേറെ സാഹചര്യത്തെളിവുകളും നൽകിയിട്ടും പൊലീസ് ചോദ്യംചെയ്തു എന്നതല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമസമിതി ഭാരവാഹികൾ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അബ്ദുൽ ഗഫൂറിന്റെ മാതാവ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനിരിക്കുകയാണ്.
ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കയ്യിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായതോടെ മരണത്തിൽ സംശയം ഉയർന്നു. ഇതു സംബന്ധിച്ച് ഗഫൂറിന്റെ മകൻ മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൃതദേഹം ഏപ്രിൽ 28ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു. എന്നാൽ സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്.
ആഭിചാരക്രിയയുടെ ഭാഗമായി ആഭരണങ്ങൾ കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തിൽ ഗഫൂർ ഹാജിയുടെ വീട്ടുവളപ്പിലും പരിസരത്തെ പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.ആരോപണ വിധേയയായ യുവതി നുണ പരിശോധനയ്ക്ക് ആദ്യം തയാറായിരുന്നെങ്കിലും കോടതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ച് പിന്നീട് വിസമ്മതിച്ചു. സമരത്തിന്റെ ഭാഗമായി ചേർന്ന സ്ത്രീകളുടെ യോഗം പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്നീം വഹാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഹസീന മുനീർ അധ്യക്ഷത വഹിച്ചു. കൺവീനർ സുകുമാരൻ പൂച്ചക്കാട്, പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ മാധവൻ, സെമീറ അബ്ബാസ്, കർമസമിതി ഭാരവാഹികളായ പി.കെ.അബ്ദുൽ റഹ്മാൻ, ബി.എം.മൂസ, ബി.കെ.ബഷീർ,കപ്പണ അബൂബക്കർ, മാഹിൻ പൂച്ചക്കാട്, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.