പാർട്ടിക്കിടെ വഴക്ക്; കോളേജ് വിദ്യാർത്ഥിയെ സുഹൃത്തക്കൾ ചേർന്ന് കൊലപ്പെടുത്തി വയലിൽ കുഴിച്ചുമൂടി
പാർട്ടിക്കിടെയുണ്ടായ വഴക്കിനെത്തുടർന്ന് ബിരുദ വിദ്യാർത്ഥിയെ സുഹൃത്തക്കൾ ചേർന്ന് കൊലപ്പെടുത്തി വയലിൽ കുഴിച്ചുമൂടി. നോയിഡ സർവകലാശാലയിൽ ബിബിഎ വിദ്യാർത്ഥിയായ യാഷ് മിത്തലിനെയാണ് കൂട്ടുകാർ സംഘം ചേർന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ടത്. ആഴ്ചകൾക്ക് മുമ്പ് സർവകലാശാലയിൽ നിന്നും വിദ്യാർത്ഥിയെ കാണാതായ സംഭവവും തുടർന്ന് കോടികൾ മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺകോളിന്റെ ഉറവിടം തിരക്കിയും പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ വിവരം പുറംലോകമറിഞ്ഞത്. കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന യാഷിനെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. ഇതിനുപിന്നാലെ യാഷിന്റെ ബിസിനസുകാരനായ പിതാവ് ദീപക് മിത്തലിന് ഭീഷണി ഫോൺ സന്ദേശം ലഭിച്ചു. മകനെ മോചിപ്പിക്കാൻ ആറ് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടർന്ന് ദീപക് മിത്തൽ പൊലീസിൽ പരാതി നൽകി. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്. സർവകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചു. യാഷ് ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും കണ്ടെത്തി. ഫോൺ വിളികളുടെ റെക്കോർഡ് പരിശോധിച്ചപ്പോൾ സുഹൃത്ത് രചിത് ആണ് വിളിച്ചതെന്ന വിവരം ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുഹൃത്തുക്കളായ ശിവം, സുശാന്ത്, ശുഭം എന്നിവർക്കുമൊപ്പമാണ് യാഷ് വന്നതെന്ന് രചിത് മൊഴി നൽകി. ഉത്തർപ്രദേശിലെ അമോറയിലെ ഒരു വയലിൽ സംഘടിപ്പിച്ച പാർട്ടിയിലേക്ക് ഇവർ യാഷിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആഘോഷത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം നടന്നു. സംഘർഷാവസ്ഥയിലെത്തിയതോടെ സംഘം യാഷിനെ കൊലപ്പെടുത്തി വയലിൽ തന്നെ കുഴിച്ചിടുകയായിരുന്നു. പൊലീസ് നടത്തിയ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കുഴിച്ചിട്ട സ്ഥലത്ത് നിന്നും മൃതദേഹം പുറത്തെടുത്തു. അതിനിടയിൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദാദ്രിയിൽ ഏറ്റുമുട്ടലിലൂടെ രണ്ട് പേരെ പൊലീസ് കീഴടക്കി. യാഷിന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതെന്ന് സംഘം പൊലീസിൽ മൊഴി നൽകി.