റിയാസ് മൗലവി വധക്കേസ്: വിധി മാർച്ച് ഏഴിലേക്ക് മാറ്റി
കാസർകോട്: കാസർകോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ ഇന്ന് വിധി പറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജഡ്ജി പരിശീലനത്തിലായതിനാലാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. 2017 മാർച്ച് 20ന് പുലർച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് ഒരു സംഘം അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ.
സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്.
കേസിന്റെ വിചാരണവേളയിൽ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നത്തെ ഇൻസ്പെക്ടർ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കോവിഡ് മൂലവും ജഡ്ജിമാർ സ്ഥലം മാറിപ്പോയത് കാരണവും കേസ് പലതവണ മാറ്റിവെക്കേണ്ടി വന്നു. ഏറ്റവുമൊടുവിൽ പരിഗണിച്ച ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറയുക. മുമ്പ് ഏഴ് ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്.