വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട്; മധൂർ പഞ്ചായത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു
കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് മധൂർ
പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നു എന്ന ആരോപണത്തെ തുടർന്ന് വിജിലൻസ് സംഘം പരിശോധന ആരംഭിച്ചു. ഡിവൈഎസ്.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ക്രമക്കേട് നടത്തിയെന്ന എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ പരാതിയെ തുടർന്നാണ് വിജിലൻസ് പരിശോധനക്കെത്തിയത്. 50,000 രൂപയിൽ താഴെമാത്രം ചെലവ് വരുന്നിടത്താണ് 8.09 ലക്ഷം രൂപയുടെ ബില്ല് സമർപ്പിച്ച് പണം തട്ടിയതെന്നാണ് ആരോപണം. വെബ്സൈറ്റിൽനിന്നും വോട്ടേഴ്സ് പട്ടിക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത വകയിലാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. ഇതിൽ 6.17,350 രൂപ രണ്ടിടങ്ങളിലെ പ്രസ്സുകൾക്കു കൈമാറിയിരുന്നു. പഞ്ചായത്ത് ധനകാര്യ സ്ഥിര സമിതിയിൽ ഇക്കാര്യം അജണ്ടയായി എത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് സംഘത്തിന്റെ പരിശോധനയിൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല.