കാസർകോട് പെർളയിൽ വൻ കഞ്ചാവ് വേട്ട;പിക്ക് അപ്പിന്റെ രഹസ്യഅറയിൽ 107 കിലോ കഞ്ചാവ്;രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: പെർളയിൽ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനിൽ 107 കിലോ കഞ്ചാവ് കടത്തിയ രണ്ടുപേർ അറസ്റ്റിൽ. കുമ്പള ശാന്തിപ്പള്ളം സ്വദേശി ഷഹീർ റഹീം(36), അമേക്കള സ്വദേശി ഷരീഫ്(52) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽ രാജനും സംഘവും പെർളയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. അസമയത്ത് അമിത വേഗതയിലെത്തിയ പിക്കപ്പിനെ കൈ നീട്ടി തടയുകയും സംശയം തോന്നിയതിനെ തുടർന്ന് വാഹനത്തിന്റെ ഉൾവശം പരിശോധിക്കുകയായിരുന്നു. പിക്ക് അപ്പിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികൾക്കെതിരെ അബ്കാരി കേസെടുത്ത് അറസ്റ്റുചെയ്തു. ആന്ധ്രയിൽ നിന്ന് പെർള ചെക്ക് പോസ്റ്റുവഴി കേരളത്തിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളിലൊന്നാണ് പിടിയിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പ്രതികൾ പലതവണ കേരളത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇത്രയും വലിയതോതിൽ ആദ്യയാണ് ഇവർ കടത്തിയതെന്നും അധികൃതർ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കും. എക്സൈസ് സംഘത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുരിയോ, മുരളി കെവി, പ്രിവന്റിവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, പ്രജിത്ത് കെആർ, ഷിജിത്ത് വിവി. മഞ്ജുനാഥൻ, സതീശൻ, സോനു സെബാസ്റ്റ്യൻ, മെയ്മോൾ ജോൺ, ഡ്രൈവർ ക്രിസ്റ്റീൻ പിഎ എന്നിവർ പങ്കെടുത്തു.