വിദേശ കറൻസിയും രേഖകളില്ലാത്ത ഇന്ത്യൻ രൂപയുമായി യുവാവ് പിടിയിൽ; കാസർകോട്ട് യുവാവിന്റെ കൈയിൽ നിന്നും പിടികൂടിയത് 15 ലക്ഷം രൂപ മൂല്യമുള്ള കറൻസികൾ.
കാസർകോട്: രേഖകളില്ലാത്ത ഏഴരലക്ഷം രൂപയുടെ കുഴൽപ്പണവും, അമേരിക്കൻ ഡോളറടക്കമുള്ള ഏഴരലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും പിടികൂടി. കാസർകോട്, ചൗക്കിയിലെ മുഹമ്മദ് (42), മലപ്പുറം, തിരൂരങ്ങാടിയിലെ സൈനുദ്ദീൻ (41) എന്നിവരെയാണ് ഇന്നലെ വൈകുന്നേരമാണ് കാസർകോട് റെയിൽവെ സ്റ്റേഷൻ റോഡിൽ വച്ച് ടൗൺ എസ്.ഐ അഖിലും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. ഏഴരലക്ഷം രൂപയും അമേരിക്കൻ ഡോളർ, യുഎഇ ദിർഹം, സൗദി റിയാൽ, മലേഷ്യൻ റിംഗിറ്റ് എന്നിവയുമാണ് പിടികൂടിയത്. പിടിയിലായ വിദേശകറൻസിക്ക് ഏഴരലക്ഷം രൂപ വിലവരുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കുഴൽപണവും വിദേശ കറൻസിയും പിടികൂടിയ സംഭവത്തിൽ സി.ആർ.പി.സി 102 പ്രകാരം റിപ്പോർട്ട് തയ്യാറാക്കിയതായി പൊലീസ് പറഞ്ഞു.. വലിയ ഇടവേളയ്ക്കു ശേഷമാണ് കാസർകോട്ട് കുഴൽപ്പണ, വിദേശ കറൻസിവേട്ട നടന്നത്. വരും ദിവസങ്ങളിലും അനധികൃത പണം കൈമാറ്റം തടയുന്നതിനു നടപടി ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.