ഏഴാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്
ആലപ്പുഴ:13കാരന് ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. കാട്ടൂര്‍ ഹോളി ഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയും മനോജ്-മീര ദമ്പതികളുടെ മകന് എഎം പ്രജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. പിടി അധ്യാപകന്റെ ശിക്ഷാനടപടിയില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് ആരോപണം.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പോലീസ് സ്കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന് പറഞ്ഞു.
സ്കൂളിലെ അവസാന പിരീയഡിന് വൈകിയെത്തിയ പ്രജിത്തിനെയും മറ്റൊരു സഹപാഠിയെയും പി ടി അധ്യാപകനായ ക്രിസ്തു ദാസ് ശകാരിക്കുകയും ചൂരല്‍ കൊണ്ട് തല്ലുകയും ചെയ്തു എന്നാണ് സഹപാഠികള്‍ പറയുന്നത്. മര്‍ദനത്തിന് പിന്നാലെയാണ് വിദ്യാര്‍ഥി വീട്ടിലെത്തി ജീവനൊടുക്കിയത്.
കടുത്ത മനോവിഷമത്തിലായിരുന്നു സ്കൂള്‍ വിട്ട ശേഷം പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികള്‍ പറയുന്നു. മൂത്ത സഹോദരന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രണവ് സ്കൂളില്‍ നിന്ന് വന്നപ്പോള്‍ ഇളയ സഹോദരന് സ്കൂള്‍ യൂണിഫോമില്‍ തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.