ഉള്ളി ചാക്കിനടിയിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; രണ്ട് പേർ പിടിയിൽ; പിടികൂടിയത് 20 ലക്ഷം വില മതിക്കുന്ന ലഹരി വസ്തുക്കൾ
പത്തനംതിട്ട: തിരുവല്ലയിൽ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീൻ, ഉനൈസ് എന്നിവരാണ് പിടിയിലായത്.പിക്ക് അപ്പ് വാനിൽ ഉള്ളി ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. 45 ഉള്ളി ചാക്കുകളിലാണ് പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ബംഗളൂരുവിൽ നിന്നുമാണ് പ്രതികൾ ലഹരി വസ്തുക്കൾ കൊണ്ടുവന്നത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാർക്ക് കൈമാറാൻ കൊണ്ടുവന്നതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
അമീനും ഉനൈസും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പൊലീസ് അറിയിച്ചു. മുൻപും ഇവർ പുകയില ഉൽപ്പന്നങ്ങൾ കടത്തിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവർ ഹാൻസ് കടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. ഇത് സംബന്ധിച്ചും സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.