കാസർകോട് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസ് ;വിധി ഈമാസം 29 ന്
കാസർകോട്: കാസർകോട് പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി ഈ മാസം 29ന് പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായ കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിധിയുടെ തീയതി പ്രഖ്യാപിച്ചു. 2017 മാർച്ച് 21ന് പുലർച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കേളുഗുഡ അയ്യപ്പ മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (29), നിധിൻ കുമാർ (28), അഖിലേഷ് എന്ന അഖിൽ (34) എന്നിവരാണ് കേസിലെ പ്രതികൾ. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അറസ്റ്റിലായത് മുതൽ ജാമ്യം ലഭിക്കാതെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെയാണുള്ളത്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു. വധക്കേസിന്റെ വിചാരണ നേരത്തെ പൂർത്തിയായിരുന്നെങ്കിലും കൊവിഡും കോടതി അടച്ചിടേണ്ടിവന്നതും കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്മിമാർക്ക് സ്ഥലംമാറ്റം ലഭിച്ചതും പ്രോസിക്യൂട്ടർ മരിച്ചതുമെല്ലാം തുടർ നടപടികൾ തടസ്സപ്പെടാൻ കാരണമായി. പുതിയ ജഡ് വന്നതിന് ശേഷമാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.