ഇടപാടുകാർക്കായി അതിവേഗം പാഞ്ഞ് കാർ; കുറുകെയിട്ട് തടഞ്ഞ് പൊലീസ്, കാറിൽ കണ്ടെത്തിയത് എംഡിഎംഎ; മൂന്നുപേർ അറസ്റ്റിൽ
ഇടപാടുകാർക്ക് വേണ്ടി അതിവേഗം പായുകയായിരുന്ന കാർ തടഞ്ഞ പൊലീസ് പിടിച്ചെടുത്തത് 0.618 ഗ്രാം എംഡിഎംഎ. സംഭവത്തിൽ മൂന്നുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെ തളിപ്പറമ്പ ബാവുപ്പറമ്പിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്. കണ്ണാടിപ്പറമ്പ് നാറാത്ത് സ്വദേശി വിവി അൻസാരി(32), വളപട്ടണം പാലോട്ടുവയൽ സ്വദേശി പി എം റിസ്വാൻ(34), അഴീക്കോട് മയിലടത്തടം സ്വദേശി കെഎം റംഷാദ്(39) എന്നിവരെയാണ് തളിപ്പറമ്പ ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്നും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നു പിടിച്ചെടുത്തു. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.