മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
തൃശ്ശൂര്‍: യുവാവ് ഉറങ്ങുന്നതിനിടെ സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. പിന്നാലെ കിടപ്പുമുറിയിലാകെ പുകയും നിറഞ്ഞു. ചാവക്കാട് ഒരുമനയൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഒരുമനയൂര്‍ മൂന്നാംകല്ലില്‍ പാറാട്ട് വീട്ടില്‍ കാസിമിന്റെ മകന് മുഹമ്മദ് ഫഹീമിന്റെ മൊബൈല്‍ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ അടുത്തുവെച്ച് ഫഹീം ഉറങ്ങുന്നതിനിടെ പുലര്‍ച്ചെ നാലുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശബ്ദം കേട്ട് ഫഹീം എഴുന്നേറ്റപ്പോള്‍ മുറിയിലാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. ഇതേസമയം ശബ്ദംകേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് കിടക്കയിലെ തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
റിയല്‍മീ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് മുറിയിലെ കിടക്ക ഭാഗികമായി കത്തിനശിച്ചു.