വെള്ളം പമ്പ്ചെയ്യുന്ന മോട്ടോർപ്പുരയുടെ ഫ്യൂസ് കെ.എസ്.ഇ.ബി. മുന്നറിയിപ്പില്ലാതെ ഊരി; 36 കർഷകരുടെ ജീവിതം ചോദ്യചിഹ്നമാക്കിയ നടപടിയിൽ നശിക്കുന്നത് ഏഴ് ഹെക്ടർ പുഞ്ചക്കൃഷി;നെന്മണികൾ വെള്ളം പമ്പ്ചെയ്യുന്ന മോട്ടോർപ്പുരയുടെ ഫ്യൂസ് കെ.എസ്.ഇ.ബി. മുന്നറിയിപ്പില്ലാതെ ഊരി; 36 കർഷകരുടെ ജീവിതം ചോദ്യചിഹ്നമാക്കിയ നടപടിയിൽ നശിക്കുന്നത് ഏഴ് ഹെക്ടർ പുഞ്ചക്കൃഷി;നെന്മണികൾ പതിരാകുമോ?
കാഞ്ഞങ്ങാട്: പുഞ്ചവയലിലേക്ക് വെള്ളം പമ്പ്ചെയ്യുന്ന മോട്ടോർപ്പുരയുടെ ഫ്യൂസ് കെ.എസ്.ഇ.ബി. മുന്നറിയിപ്പില്ലാതെ ഊരി. പനങ്കാവ് പാടശേഖരത്തിലെ കാഞ്ഞങ്ങാട് നഗരസഭാ കൃഷിഭവൻ മോട്ടോർപ്പുരയിലെ ഫ്യൂസാണ് ചൊവ്വാഴ്ച കെ.എസ്.ഇ.ബി. അധികൃതരെത്തി ഊരിയത്.വൈദ്യുതിനിരക്ക് കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിലാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണ് ഇക്കാര്യത്തിൽ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി. ഓഫീസ് അധികൃതർ നൽകുന്ന വിശദീകരണം. പണം അടച്ചുകഴിഞ്ഞാൽ കണക്ഷൻ പുനഃസ്ഥാപിച്ചുനൽകുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വൈദ്യുതി കണക്ഷൻ ഇല്ലാതായതോടെ ഏഴ് ഹെക്ടറിലെ നെൽകൃഷിയാണ് പ്രതിസന്ധിയിലായത്. അരയി പുഴയോരത്തുള്ള കുഴിയിൽനിന്നാണ് മോട്ടോർപ്പുരവഴി വയലിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കൊയ്യാറായ വയലിലുണ്ടായ പ്രതിസന്ധി കർഷകരെ ആശങ്കയിലാക്കുന്നു. ഈ സമയത്ത് കൃത്യമായ ജലസേചനം നടന്നില്ലെങ്കിൽ നെന്മണികൾ പതിരാകാനുള്ള സാധ്യത ഏറെയാണ്. 36 കർഷകരാണ് ഇവിടെ നെൽകൃഷി ചെയ്യുന്നത്.രണ്ടാഴ്ചകൊണ്ട് കൊയ്യാറായ വയലിൽ വേനലിൽ ഐങ്ങോത്ത് മുതൽ പനങ്കാവുവരേയുള്ള വയലിലെ പുഞ്ച പനങ്കാവിലെ കൃഷിഭവൻ പമ്പ്ഹൗസിൽനിന്നുള്ള പമ്പിങ്ങിനെ ആശ്രയിച്ചാണ് കാലങ്ങളായി നടന്നുവരുന്നത്.
കൃഷിഭവൻ സംവിധാനം വരുന്നതിന് മുൻപ് ഏലാഓഫീസ് പദ്ധതിയിലാണ് പനങ്കാവ് പാടശേഖരത്തിൽ 10 കുതിരശക്തിയുള്ള മോട്ടോർ അടക്കമുള്ള മോട്ടോർപ്പുര നിർമിച്ചത്.വെള്ളത്തിന്റെ കുറവ് കാരണം നശിച്ചുപോകുന്ന പുഞ്ച തിരിച്ചുപിടിക്കാനാണ് സർക്കാർ മോട്ടോർപ്പുര നിർമിച്ചുനൽകിയത്. മോട്ടോർപ്പുരയിലെ വൈദ്യുതി വിച്ഛേദിച്ച കാര്യം കർഷകർ പറഞ്ഞാണ് അറിഞ്ഞതെന്ന് നഗരസഭാ കൃഷി അസിസ്റ്റന്റ് കെ.മുരളീധരൻ പറഞ്ഞു.
സൗജന്യ വൈദ്യുതി പദ്ധതിയിൽ വർഷംതോറും രേഖകൾ നൽകി പുതുക്കേണ്ടതുണ്ട്. രേഖകളുമായി ബന്ധപ്പെട്ട കർഷകരോട് ഓഫീസിലെത്താൻ നിർദേശിച്ചിട്ടുണ്ട്.