സർക്കാറിനെ വഷളാക്കാൻ ഉദ്യോഗസ്ഥ ലോബി രംഗത്ത്, തലങ്ങും വിലങ്ങും നിയമ നടപടികൾ; ഈ സർക്കാർ ഒന്ന് മാറി കിട്ടണേ എന്ന പ്രാർത്ഥനയിൽ ജനങ്ങൾ;വെട്ടിലായി സിപിഐഎം
കാസർകോട്:സാമ്പത്തിക പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാർ നട്ടം തിരിയുന്നതിനിടെ വിവിധ വകുപ്പുകൾ പണം സമാഹരിക്കാനുള്ള നടപടികൾ ശക്തമാക്കുമ്പോൾ വെട്ടിലാകുന്നത് സിപിഐഎം , ലോകസഭ ഇലക്ഷൻ പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ നിയമനടപടികൾ ശക്തമാക്കുന്നത് ജനരോഷം ഉയരാൻ കാരണമായി കൊണ്ടിരിക്കുകയാണ്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിക്കേണ്ട കെട്ടിട തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിക്കാൻ ഉള്ള നോട്ടീസ് നിരവധി പേർക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യും എന്നാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. കേരളത്തിൽ വീടുവച്ചു പോയല്ലോ എന്ന ചിന്തയിലാണ് പലരും ഈ നോട്ടീസിനോട് പ്രതികരിക്കുന്നത്. പണം പിരിച്ചെടുക്കാൻ മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരും സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ വലിയ കാരണമായി മാറുന്നുണ്ട് .
ഇതിന് പുറമെയാണ് മോട്ടോർ വാഹന വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത പരിശോധനയും കടുത്ത നടപടികളും തുടരുന്നത്. കേന്ദ്ര നിയമങ്ങൾ കേരളത്തിന് മാത്രമായി ഉള്ളതാണോ മറ്റു സംസ്ഥാനങ്ങൾക്ക് ബാധകമല്ലേ എന്നാണ് ജനങ്ങൾ എം വി ഡി നടപടികളോട് പ്രതികരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ പല നിയമങ്ങളിലും കണ്ണടയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ കേരളത്തിൽ കഴുത്തിനു പിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ജനം വിലയിരുത്തുന്നത്.
വൈദ്യുതി വകുപ്പ് മുന്നറിയിപ്പില്ലാതെ ഫ്യൂസുകൾ ഊരുന്നത് കാരണം പല സർക്കാർ ഓഫീസുകളുടെയും പ്രവർത്തനങ്ങൾ താറുമാറാകുന്നത് പതിവായി മാറുകയാണ്. കലക്ടറേറ്റിലെ ഫ്യൂസ് പോലും ഊരി കൊണ്ടുപോയി എന്നുള്ള വാർത്ത ജനങ്ങൾ കൗതുകത്തോടെയും ഭയത്തോടെയും ആണ് നോക്കി കാണുന്നത് . കാഞ്ഞങ്ങാട് പുഞ്ചവയലിൽ 36 കർഷകരുടെ കൊയ്യാറായ പാടത്തേക്കുള്ള ജലവിതരണം ആണ് കെഎസ്ഇബിയുടെ നടപടിമൂലം തകർന്നത്. കർഷക ആത്മഹത്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കെഎസ്ഇബിയുടെ ഈ ക്രൂരമായ നടപടി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്നുപോലും ചിലർ സംശയിക്കുന്നുണ്ട് .
കഴിഞ്ഞദിവസം നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി കരാറുകാർക്ക് 1000 കോടി രൂപ മാത്രം രൂപയാണ് നൽകാനുള്ളതെന്ന് പറഞ്ഞിരുന്നു. എന്നാൽ നിലവിലെ ക്യൂ സിസ്റ്റം അനുസരിച്ച് പൂർത്തിയ ചില പ്രവർത്തികളുടെ ബില്ല് മാത്രമാണ് ആയിരം കോടിയെന്നും ബില് എഴുതാൻ തയ്യാറാകാത്ത പ്രവർത്തികളുടെ പതിനായിരം കോടി രൂപയെങ്കിലും കരാറുകാർക്ക് നൽകാൻ ഉണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട സംഘടന നേതാക്കൾ പറയുന്നത്. സർക്കാരിന്റെ പ്രവർത്തി ഏറ്റെടുത്തു പൂർത്തീകരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം പലരുടെയും വീടുകളും മറ്റു പണയ വസ്തുക്കളും കൃത്യമായ പണം സർക്കാരിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ബാങ്കിൽ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തിൽ ജപ്തി നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ഇവർ പരിതപിക്കുന്നു . സർക്കാരിൽ നിന്നും ഞങ്ങൾക്ക് പണം കിട്ടിയാൽ മാത്രമേ ബാങ്കിൽ കടം തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്നും അല്ലാത്തപക്ഷം ഞങ്ങളൊക്കെ കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ട വരും എന്നാണ് കരാർ മേഖലയിലുള്ള ആളുകൾ പറയുന്നത്. വെറും ആയിരം കൂടി എന്ന് പറഞ്ഞ് നിയമസഭയെ അപ്പാടെ തെറ്റിദ്ധരിപ്പിച്ച മന്ത്രി നിലവിൽ പ്രവർത്തികളുടെ ബില്ല് എഴുതാൻ പോലും ഉദ്യോഗസ്ഥർ മടി കാണിക്കുന്നത് എന്തിനാണെന്ന് കൂടി പറയണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം പോലീസുമായി ബന്ധപ്പെട്ട തർക്കങ്ങളും മറ്റു വിഷയങ്ങളും സംസ്ഥാനത്തുടനീളം ഉയർന്നുവരികയാണ്. പോലീസ് സംവിധാനം അപ്പാടെ കുത്തഴിഞ്ഞ രീതിയിലാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ഈ സംവിധാനത്തിന് ജനങ്ങൾക്കിടയിൽ ഒരു മതിപ്പുമില്ലാത്ത രീതിയിലാണ് ഇപ്പോൾ കടന്നു പോകുന്നത്. ഓരോ ദിവസം നിരവധി സർക്കുലർ ഇറക്കുകയും ഇതിലൂടെ പോലീസിന് നിയമനടപടി സ്വീകരിക്കാൻ കഴിയാത്ത രീതിയിലുള്ള നിയന്ത്രണങ്ങളുമാണ് നൽകിവരുന്നത്. മാത്രമല്ല ചില പോലീസുകാർ ജനങ്ങളുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുകയും അത്തരം കാര്യങ്ങളൊക്കെ ജനങ്ങൾ വീഡിയോകൾ ആക്കി റെക്കോർഡ് ചെയ്തു പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നതോടുകൂടി വ്യാപകമായ വിമർശനമാണ് ഉയർന്നു വരുന്നത്.
ചില ഇടതുപക്ഷ എംഎൽഎമാരും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്ക് പോലീസിന് ഉപയോഗപ്പെടുത്തുന്നതും പോലീസിന് ഗുണ്ടകളുടെ സമാനമായ രീതിയിലേക്ക് ഇവർ കൊണ്ടെത്തിക്കുന്നതും ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. എതിരാളികൾക്ക് എതിരെ കള്ളക്കേസുകൾ എടുക്കാനും ഇത്തരം എംഎൽഎമാർ പോലീസിനെ ഉപയോഗിച്ച് മുമ്പോന്തിയിൽ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്.
സർക്കാരിനെതിരെ ജനരോഷം ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരികയാണ്. ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ ഉലയുമ്പോൾ മറുവശത്ത് കർശന നിയമ നടപടികൾ ഉദ്യോഗസ്ഥർ കൈക്കൊള്ളുമ്പോൾ സർക്കാരിന്റെ തലയിൽ ഇടിത്തി വീഴണേ എന്ന പ്രാർത്ഥനയിലാണ് ജനങ്ങൾ. സർക്കാർ നടപടികൾ ഈ രീതിയിൽ ആണെങ്കിൽ കേരളത്തിൽ ഒരിടത്തും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കില്ല എന്ന സ്ഥിതി ഉണ്ടാകും. ഇതുതന്നെയാണ് സർക്കാർ ഉദ്യോഗസ്ഥരിലെ ചിലർ ആഗ്രഹിക്കുന്നത്. അതിനുവേണ്ട എല്ലാ കാര്യങ്ങളും ഇവർ ഒരുക്കി നൽകുന്നുണ്ട് തിരിച്ചറിയാൻ മാത്രം സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല.