ഡല്‍ഹിയിലും പുണെയിലും വന്‍ റെയ്ഡ്;പിടിച്ചെടുത്തത് 2500 കോടി രൂപയുടെ മയക്കുമരുന്ന്
ന്യൂഡല്‍ഹി: ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ പുണെയിലും നടത്തിയ റെയ്ഡുകളില് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലും പുണെയിലെ കുര്‍ക്കുംഭിലുമായി നടത്തിയ പരിശോധനയിലാണ് 1100 കിലോഗ്രാം മെഫെഡ്രോണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 2500 കോടി രൂപ വിലവരും.
‘മ്യാവു-മ്യാവു’ എന്ന പേരിലാണ് മെഫെഡ്രോണ്‍ മയക്കുമരുന്ന് വിപണിയില്‍ അറിയപ്പെടുന്നത്. കഴിഞ്ഞദിവസം ലഹരിക്കടത്തുകാരായ മൂന്നുപേരെ പുണെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിന് പിന്നാലെയാണ് പുണെയിലെ കെമിക്കല്‍ ഫാക്ടറിയിലടക്കം വിവിധയിടങ്ങളിലും ഡല്‍ഹിയിലുമായി വ്യാപക റെയ്ഡ് നടത്തി 1100 കിലോഗ്രാമോളം മയക്കുമരുന്ന് പിടിച്ചെടുത്തത്.
പുണെയില്‍ ഉപ്പ് സൂക്ഷിക്കുന്ന ഒരു ഗോഡൗണില്‍നിന്നാണ് ആദ്യം മയക്കുമരുന്ന് പിടിച്ചെടുത്തത്. ഭൈരവിനഗറിലും വിശ്രാന്ത് വാഡി മേഖലയിലും നടത്തിയ പരിശോധനയില്‍ മൂന്നരക്കോടിയുടെ മയക്കുമരുന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ ഡല്‍ഹിയിലെയും കുര്ക്കുംഭിലെയും മയക്കുമരുന്ന് ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചു. പുണെ പോലീസ് കുര്ക്കുംഭിലില് നടത്തിയ പരിശോധനയില്‍ മാത്രം 700 കിലോഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു. ഇതേസമയം ഡല്‍ഹി പോലീസുമായി സഹകരിച്ച് ഡല്‍ഹിയിലെ ഹൗസ് ഖാസ് മേഖലയിലെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 400 കിലോ മയക്കുമരുന്നും പിടികൂടി.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ നിലവില്‍ കസ്റ്റഡിയിലുള്ളതായാണ് വിവരം. മയക്കുമരുന്ന് പിടിച്ചെടുത്ത പുണെയിലെ കെമിക്കല്‍ ഫാക്ടറി ഉടമയായ അനില്‍ സാബ്ലേയും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെടും. ഇയാളെ ബുധനാഴ്ച രാവിലെയാണ് പോലീസ് സംഘം പിടികൂടിയത്. വന്‍കിട മയക്കുമരുന്ന് കടത്തുകാരനായ ലളിത് പാട്ടീലുമായി കസ്റ്റഡിയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ചും പോലീസ് പരിശോധിച്ചുവരികയാണ്.