കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ഇനി രാജ്യസഭയിൽ
ഡൽഹി:കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ. രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ബിജെപി സ്ഥാനാർത്ഥികളായ ചുന്നിലാല്‍ ഗരാസിയ, മദൻ റാത്തോർ എന്നിവരും രാജ്യസഭ എംപിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂല്‍ എംപിമാരായി പശ്ചിമ ബംഗാളില്‍ നിന്ന് സാഗരിക ഘോഷ്, സുഷ്മിത ദേവ്, മമത ബാല താക്കൂർ, നദിമുല്‍ ഹഖ് എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പതിറ്റാണ്ടുകളായി റായ്ബറേലി മണ്ഡലത്തിൽ നിന്നാണ് സോണിയ മത്സരിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണമാണ് സോണിയ റായ്ബറേലിയിൽ ഇക്കുറി മത്സരിക്കാനിറങ്ങിതിരുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. 25 വർഷമാണ് സോണിയ റായ്ബറേലിയെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും റായ്ബറേലിയിലെ വോട്ടർമാർ കൂടെ നിന്നതടക്കം ചൂണ്ടിക്കാട്ടി വോട്ടർമാർക്ക് കഴിഞ്ഞ ദിവസം സോണിയ കത്തയച്ചിരുന്നു.
ലോക്സഭയിൽ മത്സരിക്കാൻ സോണിയ ഗാന്ധി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. താൻ രാജ്യസഭയിലേക്ക് മാറുന്നത് അനാവശ്യ പ്രചാരണത്തിന് ഇടയാക്കുമെന്നും സോണിയ ചൂണ്ടിക്കാട്ടി. എന്നാൽ കുടുംബവും ഡോക്ടർമാരും പ്രചാരണത്തിന് ഇറങ്ങരുത് എന്ന നിലപാട് എടുത്തതോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചത്. മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.