കാസർകോട്ടും ആരിക്കാടിയിലും ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കവർച്ച ചെയ്തത് ഒരേ സംഘമാണെന്നു സംശയം; ഭണ്ഡാരം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ; സംഘം എത്തിയത് മുഖം മൂടി ധരിച്ച്
കാസർകോട്: കാസർകോട് മല്ലികാർജ്ജുന ക്ഷേത്രത്തിലും ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിലും ഭണ്ഡാരങ്ങൾ കവർച്ച ചെയ്തത് ഒരേ സംഘമാണെന്നു സംശയം. ഇരു ക്ഷേത്രങ്ങളിൽ നിന്നും ലഭിച്ച വിരലടയാളങ്ങളും സിസിടിവി ക്യാമറകളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച രാത്രിയിലാണ് ഇരു ക്ഷേത്രങ്ങളിലും കവർച്ച നടന്നത്. ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിൽ നിന്നു രണ്ടു ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 33,000 ൽ അധികം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. മല്ലികാർജ്ജുന ക്ഷേത്രത്തിൽ അയ്യപ്പൻ ശ്രീകോവിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഭണ്ഡാരമാണ് കവർച്ച പോയത്. കുത്തിപൊളിക്കുന്നതിനു പകരം ഭണ്ഡാരം തന്നെ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഈ ഭണ്ഡാരം കാസർകോട് റെയിൽവെ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഭണ്ഡാരത്തിൽ നിന്നും ഏതാനും വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളിൽ രണ്ടുപേർ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളുമുണ്ട്. എന്നാൽ മുഖം മൂടി ധരിച്ചതിനാൽ ആളെ വ്യക്തമാകുന്നില്ല. വാഹനത്തിലെത്തിയാണ് കവർച്ച നടത്തിയതെന്നു സംശയിക്കുന്നു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.