ലീഗിൽ നിന്ന് ഇ ടി മുഹമ്മദ് ബഷീറും അബ്ദുൽ സമദാനിയും മത്സരിക്കും, സീറ്റുകൾ വച്ചുമാറും; മൂന്നാം സീറ്റിൽ ധാരണയായില്ല
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും അബ്ദുൽ സമദാനിയും തന്നെ മത്സരിക്കും. എന്നാൽ സീറ്റുകൾവച്ചുമാറും.
അബ്ദുൽ സമദാനി മലപ്പുറം എംപിയാണ്. എന്നാൽ ഇ ടി മുഹമ്മദ് ബഷീറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ സീറ്റ് അദ്ദേഹത്തിന് നൽകിയേക്കും. പകരം അബ്ദുൾ സമദാനി പൊന്നാനിയിൽ മത്സരിക്കും. തനിക്ക് മലപ്പുറത്ത് മത്സരിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീർ ആഗ്രഹം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം മുസ്ലീം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല. പകരം രാജ്യസഭാ സീറ്റ് നൽകുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം നൽകുമെന്നാണ് വിവരം. എന്നാൽ രാജ്യസഭാ സീറ്റിൽ ഇപ്പോൾ ചർച്ച നടക്കുന്നില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മൂന്നാം സീറ്റിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ചർച്ചകൾ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ ചോദ്യത്തിന് മറുപടി നൽകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലോക്സഭാ സീറ്റിനെപ്പറ്റിയാണ് ഇപ്പോൾ ചർച്ച നടത്തുന്നത്. രാജ്യസഭാ സീറ്റിനെപ്പറ്റി ചർച്ച ചെയ്തെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. സീറ്റുകൾ വച്ചുമാറിയോ ഇല്ലയോ എന്നൊക്കെ ചർച്ചകൾക്ക് ശേഷം പറയാം.’-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.