സംസ്ഥാനത്ത് ചൂട് കൂടുന്നു: വാഹനങ്ങൾ തീ പിടിക്കുന്നതിൽ ജാഗ്രത പാലിക്കണം; നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചി: സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ തീ പിടിക്കുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
ഇന്ധന ലീക്കേജ്, ഗ്യാസ് ലീക്കേജ്, അനധികൃതമായ ഓൾട്ടറേഷനുകൾ, ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈൻ, അധിക താപം ഉൽപാദിപ്പിക്കപ്പെടുന്ന ബൾബുകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവയും വാഹനങ്ങളിലെ അഗ്നിബാധയ്ക്ക് കാരണമായേക്കാം. അഗ്നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടതെന്നും മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
പരിഹാര മാർഗങ്ങൾ
കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ മെയിൻ്റനൻസ് ചെയ്യുക.
വാഹനം നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തെ തറയിൽ ഓയിൽ/ ഇന്ധനം ലീക്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.
ദിവസേന ഒരു തവണയെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ഉത്തമമാണ്.
വാഹനത്തിന്റെ പുറംപോലെ തന്നെ എൻജിൻ കംപാർട്ട്മെൻ്റ് വൃത്തിയായി വയ്ക്കുന്നത് ലീക്കേജുകൾ കണ്ടെത്തുന്നതിനും ഇതുവഴി അഗ്നിബാധ ഉണ്ടാകുന്നത് തടയാനും സാധിച്ചേക്കും.
കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്കേജ് ഉണ്ടോയെന്ന് അറിയുകയും വേണം. ഗ്യാസിൻ്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻ്ററുമായി ബന്ധപ്പെടുക.
വാഹന നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിമയ വിധേയമായതുമായ പാർട്സുകൾ ഉപയോഗിക്കുകയും അനാവശ്യ മോടിപിടിപ്പിക്കൽ ഒഴിവാക്കുകയും ചെയ്യുക.
ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കുക.