കുപ്രസിദ്ധ അധോലോക നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം വിവാഹചടങ്ങിനിടെ
ലാഹോർ: പാകിസ്ഥാനിലെ ലാഹോർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുപ്രസിദ്ധ അധോലോക നേതാവ് അമീർ ബാലാജ് ടിപ്പു കൊല്ലപ്പെട്ടു. ചുങ്ങ് മേഖലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരാൾ വെടിയുതിർക്കുകയായിരുന്നു. ടിപ്പുവിൻ്റെ അനുയായികൾ നടത്തിയ പ്രത്യാക്രമണത്തിൽ വെടിയുതിർത്തയാളും കൊല്ലപ്പെട്ടു. ലാഹോർ ആസ്ഥാനമായുള്ള വൻകിട ചരക്കുഗതാഗത ശൃംഖലയുടെ ഉടമയാണിയാണ് ടിപ്പു.
ടിപ്പുവിനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും നേരെയായിരുന്നു ആക്രമണം. ഉടൻ തന്നെ ഇയാളുടെ അംഗരക്ഷകർ പ്രത്യാക്രമണം നടത്തി. ലാഹോറിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ടിപ്പുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇയാളുടെ അനുയായികൾ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടുകയും വികാരാധീനരായി അലറിക്കരയുകയും ചെയ്തെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമീറിന്റെ പിതാവ് ആരിഫ് അമീർ എന്ന ടിപ്പു ട്രക്കൻവാലയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. 2010ൽ അലാമ ഇഖ്ബാൽ വിമാനത്താവളത്തിൽ വച്ചാണ് ആരിഫിന് നേരെ ആക്രമണം ഉണ്ടായത്. ടിപ്പുവിന്റെ മുത്തച്ഛനും കൊല്ലപ്പെടുകയായിരുന്നു.