പെരിയയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട
കാഞ്ഞങ്ങാട്: പെരിയ ദേശീയപാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച തായന്നൂർ, ചെരളത്തെ പുതിയപുരയിൽ ടി.രഘുനാഥ് (52), സുഹൃത്ത് ചപ്പാരപ്പടവിലെ സി.രാജേഷ് (37) എന്നിവർക്ക് നാട് കണ്ണീരിൽ വിട നൽകി. ഗുരുതരമായി പരിക്കേറ്റ തായന്നൂർ തേരംകല്ല് സ്വദേശികളായ ടി.രാജേഷ് (35), രാഹുൽ (35) എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിയ ചാണവളപ്പ് തറവാട്ടിൽ നടന്ന വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സംഘം സഞ്ചരിച്ച കാർ ദേശീയപാതയിൽ പെരിയ സെൻട്രൽ യൂണിവേഴ്സ്സിറ്റിക്ക് സമീപം ഇന്നലെ പുലർച്ചെ 1.30 മണിയോടെ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ച ശേഷം തൊട്ടടുത്ത വലിയ കുഴിയിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം.
നാലുപേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഉത്സവ സ്ഥലങ്ങളിലടക്കം ഒന്നിച്ചുള്ള യാത്രയായിരുന്നു ഇവരുടെ പതിവെന്ന് നാട്ടുകാർ പറയുന്നു.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ഡിഷ് കമ്പനിയിലെ ജീവനക്കാരനായ രാഘുനാഥ് അവിവാഹിതനാണ്. പരേതനായ കുഞ്ഞമ്പു.ടി. മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ടി. രാജു (ഡ്രൈവർ, കാലിച്ചാനടുക്കം). ടി.പ്രദീപ് (തായന്നൂർ), ടി.ബിന്ദു. പെയിന്റിങ് കമ്പനിയുടെ സെയിൽസ് റെപ്രസന്റേറ്റീവായ രാജേഷിന്റെ മരണത്തോടെ നഷ്ടമായത് കുടുംബത്തിന്റെ അത്താണിയാണ്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുട്ടികളും വയസ്സായ അച്ഛനും അമ്മയും അടങ്ങുന്നതാണ് രാജേഷിന്റെ കുടുംബം. പി. അമ്പു. ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: ആതിര (കോടോത്ത്), മക്കൾ: ഋഷിക, ഒമ്പത് മാസം പ്രായമുള്ള പെൺകുട്ടിയുമുണ്ട്. സഹോദരങ്ങൾ: സി. രമ (ബിരിക്കുളം) സി. രഞ്ജിത (വണ്ണാത്തിക്കാനം) പരേതയായ രജനി. ഇന്നലെ വൈകിട്ട് 4ന് തായന്നൂർ ചപ്പാരപ്പടവിൽ പൊതുദർശനത്തിന് വച്ചപ്പോൾ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ. എം. രാജഗോപാൽ എന്നിവർ ആശുപത്രിയിലും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ഇ.ബാലകൃഷ്ണൻ, രാജീവൻ ചീരോൽ, കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് അംഗം വി.കെ.രാജൻ, ഒക്ലാവ് കൃഷ്ണൻ, എം.രാജൻ, യു.തമ്പാൻ നായർ, യു ഉണ്ണികൃഷ്ണൻ, പി.ഗംഗാധരൻ, സുരേഷ് വയമ്പ്, ബി.പി.പ്രദീപ് കുമാർ തുടങ്ങിയവർ പൊതുദർശനത്തിലും അന്തിമോപചാരം അർപ്പിച്ചു. വിവിധ സംഘടനകൾക്ക് വേണ്ടിയും റീത്ത് സമർപ്പിച്ചു.