മാതാവിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് കേബിൾ കഴുത്തിലിട്ട് മുറുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കാസർകോട്: കാഞ്ഞങ്ങാട് ആവിക്കരയിലെ കൂട്ടമരണങ്ങളുടെ വിവരങ്ങൾ പുറത്ത്. മാതാവിന്റെയും ഭാര്യയുടെയും കഴുത്തിൽ കേബിൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യചെയ്തതെന്ന് പൊലീസ്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്തെ സയന്റിഫിക് വാച്ച് വർക്സ് നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48) സൂര്യ പ്രകാശിന്റെ മാതാവ് ലീല (93) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചേയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സൂര്യപ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത ഉള്ളതായി കുറിപ്പിൽ പരാമർശം ഉണ്ട്. ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ചറിയിച്ചാണ് സൂര്യ പ്രകാശ് തൂങ്ങിമരിച്ചത്. ‘അമ്മയും വല്യമ്മയും പോയി. ഞാനും പോകുന്നുവെന്നു’ പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. അജിത്ത് പ്രകാശ് ജോലി ആവശ്യാർത്ഥം എറണാകുളത്താണ് കഴിയുന്നത്. പിതാവിന്റെ ഫോൺ വിളിയിൽ സംശയം തോന്നിയ അജിത്ത് ഉടൻ സുഹൃത്ത് രാജേഷിനെ വിവരമറിയിച്ചു. അത് പ്രകാരം ക്വാർട്ടേഴ്സിൽ എത്തി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയിൽ കാണുന്നത്. ലീലയെയും ഗീതയെയും കിടപ്പ് മുറികളിൽ ബെഡിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സൂര്യപ്രകാശിന്റെ മൃതദേഹം അടുക്കളയിൽ തൂങ്ങിയ നിലയിലുമായിരുന്നു. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് ഈ കുടുംബം വർഷങ്ങളായി താമസിച്ചുവരുന്നത്. കേബിൾ കുരുങ്ങിയതിന്റെ പാടുകൾ ഇരുവരുടെയും മൃതദേഹങ്ങളുടെ കഴുത്തിലുണ്ട്. കേബിൾ വീട്ടിനകത്തു നിന്നു കണ്ടെടുക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് കെട്ടിതൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇൻസ്പെക്ടർ എം.പി.ആസാദ് എന്നിവർ ഇൻക്വസ്റ്റിന് നേതൃത്വം നൽകി. മൃതദേഹങ്ങൾ വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷ കെ.വി. സുജാത തുടങ്ങിയവർ സന്ദർശിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സൂര്യപ്രകാശിന്റെ പെൺമക്കളായ ഐശ്വര്യയും ആര്യയും ഭർതൃവീടുകളിലായിരുന്നു. മരുമക്കൾ: മധു പാലായി (ഫോട്ടോഗ്രാഫർ), ഷാലു അതിയാമ്പൂർ (ഡ്രൈവർ കാഞ്ഞങ്ങാട് നഗരസഭ). സഹോദരങ്ങൾ: ശോഭൻ തൃക്കരിപ്പൂർ, പരേതനായ ഗോപകുമാർ. ഗണേശനാണ് ഗീതയുടെ സഹോദരൻ.