ബാങ്ക് മാനേജറുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം തട്ടി; ഒറ്റ ചോദ്യത്തിലൂടെ യഥാർത്ഥ കള്ളനെ പൊക്കി പൊലീസ്
മൂവാറ്റുപുഴ: കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവം സ്വകാര്യ ബാങ്ക് മാനേജരുടെ കള്ളക്കഥയാണെന്ന് പൊലീസ്.കഴിഞ്ഞദിവസം ഉച്ചയ്ക്ക് തൃക്ക ക്ഷേത്രത്തിനു സമീപംവച്ച് സ്കൂട്ടറിൽ പോകവേ തന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം ഒരു സംഘം സ്വർണം കവർന്നെന്നായിരുന്നു മൂവാറ്റുപുഴ സ്വദേശി രാഹുൽ രഘുനാഥൻ പൊലീസിൽ നൽകിയ പരാതി.
മറ്റൊരു ബാങ്കിൽ നിന്ന് ഏറ്റെടുത്ത സ്വർണവുമായി വരുന്ന വഴിയിലാണ് സംഭവം നടന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂവാറ്റുപുഴയിലെ ആശുപത്രിയിൽ കണ്ണിനു ചികിത്സ തേടിയ ശേഷം ഇറങ്ങിയ രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വിവരം പുറത്തയത്. രാഹുൽ ജോലി ചെയ്യുന്ന വാഴപ്പിള്ളിയിലെ സ്ഥാപനത്തിലെ ഓഡിറ്റിംഗിൽ 530 ഗ്രാം സ്വർണം കുറവുള്ളതായി കണ്ടെത്തിയിരുന്നു. ഈ സ്വർണം തിരികെ ഏല്പിക്കാൻ രാഹുലിന് ബാങ്ക് നൽകിയിരുന്ന സമയം ഇന്നലെ അവസാനിച്ചിരുന്നു. നടപടിയിൽ നിന്ന് രക്ഷപ്പെടാനാണ് രാഹുൽ നാടകം തയ്യാറാക്കി അവതരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ടെന്നു പറയുന്ന സ്വർണം സംഭവസ്ഥലത്തിനടുത്തു നിന്ന് പൊലീസ് കണ്ടെടുത്തു.
സ്വർണം നഷ്ടമായതു സംബന്ധിച്ച് സ്ഥാപന ഉടമകൾ പരാതി നൽകാത്തതിനാൽ രാഹുലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മൂവാറ്റുപുഴ ഡിവൈ.എസ് .പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പൊലീസിനെ കബളിപ്പിച്ചതിന് രാഹുലിനെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. എ.എസ്.പി അഞ്ജലി ഭാവന, സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.സി. മുരുകൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.